തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരില്‍ വഴിയാത്രക്കാരിയായ ഗര്‍ഭിണിയെ അപമാനിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടര്‍ന്ന് സ്പര്‍ശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു. നടന്നു പോകുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്നും ശല്യപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാന്‍ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.
എന്നാല്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നഗരത്തില്‍ ചുറ്റിത്തിരിയുന്ന ആളുകള്‍ക്ക് സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന സമയമാണ്. അതിനാല്‍ നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ആ സമയത്തെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.