മുഹമ്മദലി ജിന്നയുടെ ഛായചിത്രം; അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷം

jinnah1

ലഖ്നൗ: പാക്ക് രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്നയുടെ ഛായചിത്രത്തിന്റെ പേരില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവരെ എതിര്‍ക്കാന്‍ മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലുള്ളവരെ വിട്ടു തരണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ ഇവരെ പൊലീസ് തടയുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ പിരിച്ചു വിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു.
jinnah2

ജിന്നയുടെ ചിത്രം കഴിഞ്ഞ 10 വര്‍ഷമായി സര്‍വകലാശാല യൂണിയന്‍ ഹാളിലുണ്ട്. ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ വെച്ചതെന്തിനാണെന്ന് അലിഗഡില്‍ നിന്നുള്ള ബിജെപി എംപി സതീഷ് ഗൗതം സര്‍വകലാശാല വൈസ്ചാന്‍സലറിനോട് ആരാഞ്ഞിരുന്നു. അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്‍ഥി യൂണിയനില്‍ ആജീവനാന്ത അംഗത്വം നല്‍കിയിട്ടുള്ളതായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി യൂണിയനിലെ ആജീവനാന്ത അംഗങ്ങളുടെ ചിത്രം യൂണിയന്‍ ഹാളില്‍ സ്ഥാപിക്കാറുണ്ടെന്നാണ് വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയത്.

ജിന്നയുടെ ചിത്രത്തിന്റെ പേരില്‍ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. അതേസമയം, കാമ്പസില്‍ പ്രശ്നമുണ്ടാക്കുന്നത് വലതു വിദ്യാര്‍ഥി സംഘടകളാണെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു.മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനത്തിനിടെയാണ് ജിന്നയുടെ പേരില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.

അതേസമയം പ്രശ്നം തണുപ്പിക്കാന്‍ ജിന്നയുടെ ചിത്രം എടുത്തുമാറ്റിയേക്കുമെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനേപ്പറ്റി ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

Top