എറണാകുളം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ വന്‍അക്രമം. അക്രമത്തില്‍ കുന്നത്തുനാട് സി.ഐ വി.ടി ഷാജന്‍ ഉള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റു.
അക്രമികള്‍ ഒരു പൊലീസ് ജീപ്പ് തകര്‍ക്കുകയും മറ്റൊന്ന് കത്തിക്കുകയും ചെയ്തു. കിറ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
രാത്രി 12 മണിയോടെയാണ് സംഭവം. തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊലീസുകാരെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷി സരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ നാലു മണിയോടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് വ്യക്തമാക്കി.