അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫെയ്‌സ്ബുക്ക്. മ്യാന്മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ നേരിട്ട് അക്രമങ്ങള്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് നിരോധിക്കുന്നുണ്ട്. പുതിയ നയം അനുസരിച്ച് ശാരീരിക അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്ന വ്യാജ വാര്‍ത്തകളും നീക്കം ചെയ്യാനാണ് തീരുമാനം.
നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് മൂലം ഉണ്ടായ ആക്രമണങ്ങളില്‍ നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നേരത്തെ ജൂണ്‍ മാസത്തില്‍ ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകള്‍ക്ക് മുസ്ലീം മത വശ്വാസികള്‍ വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയതായ ആരോപണം നിറഞ്ഞ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക് പിന്‍വലിച്ചിരുന്നു. അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന സൂചന.