തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അതിനുശേഷം മൃതദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം സംസ്‌കാരം നടക്കും.
പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.