ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍. ആരോഗ്യനില നേരിയതോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

സെപ്റ്റംബര്‍ 25നു പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനടുത്തു വെച്ച് ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ അനന്തപുരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. സുഹൃത്ത് അര്‍ജുന്‍ (29) ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top