‘മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ പൂത്തുമ്പിയെങ്ങോ മറഞ്ഞു…’ഒക്ടോബറിന്റെ നഷ്ടമേ, വിട…

സംഗീതത്തെ ഇത്രമേല്‍ ആസ്വദിച്ച് ഓരോ ഈണത്തിലും ലയിച്ചുനിന്ന് വയലിന്‍ മീട്ടുന്ന മറ്റൊരു കലാകരന്‍ ഇല്ലെന്നു തന്നെ പറയാം…ഒരിക്കലും ആരാധകരെ മുഷിപ്പിക്കാത്ത ഒരു അതുല്യ കലാകാരന്‍. താനേ സംഗീതം എന്നായിരുന്നു ബാലഭാസ്‌കറിന്റെ രീതി. കേവലം ഒരു നിമിഷത്തേക്ക് വേണ്ടിയായിരുന്നില്ല ബാലു സംഗീതത്തെ നെഞ്ചോടു ചേര്‍ത്തത്. ഓരോ ഗാനത്തേയും വരികളേയും ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് എത്തിക്കാനുള്ള ബാലുവിന്റെ കഴിവ് ലോകമൊന്നടങ്കം അനുഭവിച്ചതാണ്.

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ കിരീടം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അതിലേറെ പ്രിയം ചിത്രത്തിലെ ‘ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി’ എന്ന ഗാനത്തിനോടാണ്. എം ജി ശ്രീകുമാര്‍ ആലപിച്ചു കേട്ടതിനേക്കാള്‍ കൂടുതല്‍ ഗാനം ശ്രവിച്ചത് ബാലഭാസ്‌കറിന്റെ തന്ത്രികളില്‍ നിന്നാകും. മ്യൂസിക്കിനൊപ്പം ഗാനം ആലപിക്കാതെ അക്ഷമരായി നിന്നു പോകും ഏതൊരു മനുഷ്യനും..ഗാനത്തിലെ വരികളോരോന്നും ബാലുവിനായി എഴുതിയതാണെന്ന് ഒരു നിമിഷത്തേക്കെങ്കിലും ഇന്ന് തോന്നിപ്പോകും. ‘മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ പൂതുമ്പിയെങ്ങോ മറഞ്ഞു’…. അതെ ആ പൂതുമ്പി മറഞ്ഞു.

1977ല്‍ ജെ ശശികുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ വിഷുക്കണിയിലെ ഗാനവും മലയാളികള്‍ക്ക് മറക്കാനാകില്ല. മലയാളികളുടെ മനസ്സില്‍ എന്നും കൊത്തിയിട്ട വരികളാണ് അത്…എന്നാല്‍ ബാലു ഗാനത്തിനായി തന്ത്രികള്‍ മീട്ടിയതില്‍ പിന്നെ ഗാനത്തിന്റെ വരികള്‍ക്കായുള്ള അലച്ചിലായി. ഗാനത്തിനെ മറ്റൊരു തലത്തിലേക്ക്, അല്ലെങ്കില്‍ ഗാനം ഏതെന്ന് അന്വേഷിച്ചു നടക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചെങ്കില്‍ ബാലഭാസ്‌കര്‍ സംഗീതത്തെ പഠിച്ചവനാണെന്ന് മനസ്സിലാക്കാം… സംഗീതത്തിലൂടെ ജീവിച്ചവനാണ് അവന്‍.

ഈ ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുമ്പോള്‍ എങ്ങനെയാണ് അയാള്‍ക്ക് പോകാന്‍ കഴിഞ്ഞത്? ഇടയ്ക്ക് കിടന്നു പോയപ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഓര്‍മ്മിപ്പിച്ചപ്പോഴും കാത്തിരിക്കുകയായിരുന്നു. ഇനി പ്രിയപ്പെട്ടവള്‍ക്കൊപ്പം നടന്ന് നിങ്ങള്‍ ആ മാന്ത്രിക സംഗീതം പൊഴിക്കണം…എന്നും… ഒക്ടോബറിലേ നഷ്ടമേ…….സംഗീതത്തിന് മരണമില്ല.

Top