ബാലഭാസ്‌ക്കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധര്‍ എത്തിയേക്കും

Balabhaskar

തിരുവന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചു.

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതുള്‍പ്പെടെയുള്ള ീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തോത് കുറച്ചിട്ടുണ്ട്. ഇതിനോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ഇനിയും നടത്തേണ്ടതുണ്ട്.

Top