ടീമിന് വിവിഐപി സുരക്ഷയൊരുക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്ന ബംഗ്ലാദേശ് ടീമിന് വിവിഐപി സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തില്‍ നിന്ന് ടീം തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ മുന്‍ നിര്‍ത്തിയാണ് സുരക്ഷയൊരുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വച്ചത്. ഈ സംവിധാനം ഒരുക്കുന്നതിനു വേണ്ടി മാത്രം ഏഴ് ഔദ്യോഗിക ഭാരവാഹികള്‍ ടീമിനൊപ്പം യാത്രയാകുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിലെ ബംഗ്ലാദേശ് എംബസ്സിയോട് ഇത് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു നല്‍കുന്ന സുരക്ഷയാവും താരങ്ങള്‍ക്കുണ്ടാകുകയെന്നും ബോര്‍ഡ് അറിയിച്ചു.ലോകകപ്പ് സമയത്ത് ഐസിസി രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വിട്ട് നല്‍കാറുണ്ട്, ഇവര്‍ക്ക് പുറമെ സ്വന്തം നിലയിലും ബോര്‍ഡ് സുരക്ഷ ഒരുക്കുമെന്ന് നസ്മുള്‍ ഹസ്സന്‍ വ്യക്തമാക്കി.

Top