വിഐപി സുരക്ഷ ; ഉന്നതതലയോഗം വരുന്ന തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചേരും

police

തിരുവനന്തപുരം : വിഐപി സുരക്ഷ സംബന്ധിച്ച് വിലയിരുത്താന്‍ ഉന്നതതലയോഗം തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചേരും. ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് ഡിജിപി, എഡിജിപി ഇന്റലിജന്‍സ് എന്നിവര്‍ പങ്കെടുക്കുന്ന യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ നല്‍കിയ പരാതിയും യോഗം അവലോകനം ചെയ്യും. സംസ്ഥാനത്തെ വിഐപി ക്യാറ്റഗറിയിലുളള മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ വിലയിരുത്തുന്നതിനായുളള ഉന്നതതലയോഗമാണ് ചേരുന്നത്.

യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹറ, ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍, ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ .ബി സന്ധ്യ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

വിവിധ ക്യാറ്റഗറികളിലായി തരം തിരിച്ചിരിക്കുന്ന നേതാക്കളുടെ സുരക്ഷ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസുകാരെ അനധികൃതമായി പേഴ്‌സണല്‍ സെക്യൂരിറ്റിമാരായി കൂടെ നിര്‍ത്തുന്നുവെന്ന പരാതി യോഗം പരിഗണിക്കും.

പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറന്‍മാരെ പിന്‍വലിച്ചതിനെതിരെ കെ.വി തോമസ് അടക്കമുളളവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും യോഗം പരിഗണിക്കും.

മതതീവ്രവാദ സംഘടനകളുടെ സ്‌ളീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തനം വിലയിരുത്തുക എന്നതും യോഗത്തിന്റെ പ്രധാന അജണ്ടകളാണ്. മുഖ്യമന്ത്രി, ഗവര്‍ണര്‍, ഹൈക്കോടതി ജഡ്ജിമാര്‍, കേരളത്തില്‍ നിന്നുളള ഉയര്‍ന്ന നേതാക്കള്‍ എന്നീവരുടെ സുരക്ഷയും യോഗം വിലയിരുത്തും.

രാഷ്ട്രീയ ആക്രമണത്തിന് സാധ്യതയേറെയുളള മലബാര്‍ മേഖലയില്‍ ചില നേതാക്കള്‍ക്ക് കൂടി സുരക്ഷാ ഒരുക്കുന്നതിന് പോലീസ് ഉദ്യേശിക്കുന്നുണ്ട്. എന്നാല്‍ നിരവധി പോലീസുകാര്‍ പാസ്‌പോര്‍ട്ട്, അദര്‍ ഡ്യൂട്ടി എന്നീ ഓമന പേരുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അനധികൃതജോലി ചെയ്യുന്നത് പോലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. ഇവരെ മടക്കി വിളിക്കാനുള്ള നിര്‍ദ്ദേശവും യോഗത്തില്‍ ചര്‍ച്ചചെയ്യും.

Top