ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അനര്‍ഥം പ്രവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
പാക്കിസ്ഥാന്‍ ഓരോതവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനര്‍ത്ഥം വിളിച്ചുവരുത്തുന്നു.അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു, ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് തീര്‍ച്ചയായും ശിക്ഷാ നടപടി ഉണ്ടാവുമെന്നും റാവത്ത് വ്യക്തമാക്കി.
ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം അചഞ്ചലമായി നിലകൊള്ളും. ഭാവിയില്‍ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അക്രമാസക്തമാകാമെന്നും അത് പ്രവചനാതീതമാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. എന്നാല്‍ മനുഷ്യരുടെ പ്രധാന്യം ഒട്ടും കുറയില്ലെന്നും നമ്മുടെ സൈനികര്‍ക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന വാര്‍ത്തകള്‍ കരസേനാ മേധാവി നിഷേധിച്ചു. അതിക്രമിച്ച് കടക്കല്‍ ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വരെ എത്തിയെങ്കിലും അവരെ തടഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആ സമയത്ത് ഇന്ത്യയുടെ ഭാഗത്ത ഡെംചോക്കില്‍ ടിബറ്റുകാര്‍ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടാണ് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നത്. അല്ലാതെ അതിക്രമിച്ച് കടക്കല്‍ നടന്നിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആറിനാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന സംഭവം നടന്നത്. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ചിലര്‍ ടിബറ്റന്‍ പതാക ഉയര്‍ത്തിയതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചത്.