ഇന്ത്യയുടെ വന്‍മതിലിനെ പിന്നിലാക്കി കൊഹ്‌ലി; തകര്‍ത്തത് 16 വര്‍ഷത്തെ റെക്കോഡ്

മെല്‍ബണ്‍: കളിക്കളത്തില്‍ പുതു ചരിത്രങ്ങള്‍ സൃഷ്ടിക്കുക എന്ന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഇപ്പോള്‍ ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. മെല്‍ണിലും പുതിയൊരു റെക്കോഡ് രചിച്ചിരിക്കുകയാണിപ്പോള്‍ കൊഹ്‌ലി. മെല്‍ബണില്‍ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് കൊഹ്‌ലി തന്റെ പേരിലാക്കി മാറ്റിയത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിദേശമണ്ണില്‍ നിന്ന് നേടിയ താരമെന്ന ബഹുമതിയാണ് കൊഹ്‌ലി ദ്രാവിഡില്‍ നിന്നും സ്വന്തമാക്കിയത്. 2002ല്‍ ദ്രാവിഡ് നേടിയ 1137 എന്ന റണ്‍സ് കൊഹ്‌ലി ഇക്കുറി മറികടന്നു.1983ല്‍ മൊഹീന്ദര്‍ അമര്‍നാഥ് നേടിയ 1065 റണ്‍സാണ് മൂന്നാം സ്ഥാനത്തുള്ളത്. 918 റണ്‍സുമായി സുനില്‍ ഗാവസ്‌കര്‍ നാലാം സ്ഥാനത്തുണ്ട്.

മെല്‍ബണില്‍ തന്റെ 26-ാം സെഞ്ച്വറി കൊഹ്‌ലിക്ക് നഷ്ടമായെങ്കിലും 82 റണ്‍സെടുത്ത് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചാണ് കൊഹ്‌ലി മടങ്ങിയത്. പെര്‍ത്തില്‍ സെഞ്ച്വറി നേടിയ കൊഹ്‌ലി ഓസ്‌ട്രേലിയയില്‍ തന്റെ ആറാം സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ്. ഒരു സെഞ്ച്വറികൂടി നേടിയാല്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി കൊഹ്‌ലിക്ക് സ്വന്തമാകും.

മെല്‍ബണില്‍ കൊഹ്‌ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമാവുകയും ചെയ്തു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അശ്രദ്ധമൂലം വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഇതിനിടെ അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാള്‍ 76 റണ്‍സ് നേടി ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന റെക്കോഡ് സ്വന്തം പേരിലാക്കി മാറ്റി.

Top