കോഴിക്കോട്: അജ്ഞാത വൈറസ് മൂലമുള്ള പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു പേരുടെ നില ഗുരുതരം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 25 പേര്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ പടരുന്നത് തടയാന്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ഇതിനോടകം തുറന്നിട്ടുണ്ട്. അതേസമയം രോഗകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പനി ബാധിതര്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലാണ്. ചികിത്സ തേടിയെത്തുന്ന പലര്‍ക്കും പാരസെന്റാമോള്‍ ഗുളിക നല്‍കി മടക്കി അയക്കുകയാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിപ്പോള്‍ രോഗികളെ അയക്കുന്നുണ്ട്.