ഐപിഎല്ലില്‍ 7000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി വിരാട് കോലി

ദില്ലി: ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി നേടിയ കോലി ഐപിഎല്ലില്‍ 7000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി. ഡല്‍ഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് 12 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. 46 പന്തില്‍ 55 റണ്‍സെടുത്ത കോലിയാണ് ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന്റെ ടോപ് സ്കോററായത്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ 375 റണ്‍സെടുത്ത വിരാട് കോലി 45.50 എന്ന മികച്ച ശരാശരിയും 137.87 സ്ട്രൈക്ക് റേറ്റും നിലനിര്‍ത്തുന്നുണ്ട്. 234 മത്സരങ്ങളില്‍ നിന്നാണ് കോലി ഐപിഎല്ലില്‍ 7000 റണ്‍സ് പിന്നിട്ടത്. ഐപിഎല്ലില്‍ അഞ്ച് സെ‌ഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. 2021ല്‍ ഐപിഎല്ലില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായ കോലി 2019ല്‍ സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു.

ഐപിഎല്‍ റണ്‍വേട്ടയില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിംഗ്സ് നായകന്‍ ശിഖര്‍ ധവാനാണ്. 213 മത്സരങ്ങലില്‍ 6536 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. 6189 റണ്‍സടിച്ചിട്ടുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഐപിഎല്‍ റണ്‍വേട്ടയില്‍ മൂന്നാമത്. 6063 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 22.73 ശരാശരിയില്‍ 341 രണ്‍സ് മാത്രം നേടിയ കോലി നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലൂടെ രാജ്യാന്തര ടി20യിലെ ആദ്യ സെഞ്ചുറി നേടി ഫോമിലായ കോലി ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങി. 2016ലെ സീസണില്‍ കോലി നേടിയ 973 റണ്‍സടിച്ച് ഐപിഎല്‍ ചരിത്രത്തില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനുമായിരുന്നു.

Top