കൊച്ചി: സൗരവ് ഗാംഗുലിയോ എം എസ് ധോണിയും വിരാട് കോലിയോ അല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി എസ് ശ്രീശാന്ത്. കപില്‍ ദേവാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന് ശ്രീശാന്ത് പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ബൌളിംഗിനിടെ സമ്മര്‍ദ്ദത്തിലായ തനിക്ക് ധൈര്യം തന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗുമാണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും പങ്കാളിയാണെങ്കിലും 2011ലെ ലോകകപ്പ് വിജയമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. സച്ചിനായി ലോകകപ്പെടുക്കണം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ടീം അംഗങ്ങള്‍ക്കെല്ലാം. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനാണ് ആഗ്രഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ശ്രീശാന്ത് ലോക്ഡൗണ്‍ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവന്‍ ഫിറ്റ്‌നെസിലാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മലയാളി ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരത്തിലും ശ്രീശാന്ത് ഇന്ത്യക്കായി പന്തെറിഞ്ഞു. 2013ല്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിന്റെ വിലക്ക് പിന്നീട് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴ് വര്‍ഷമായി കുറച്ചിരുന്നു.