ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പുള്ള പ്രാക്ടീസ് സെഷനില്‍ സിക്‌സര്‍ മഴയുമായി വിരാട് കോലി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പുള്ള പ്രാക്ടീസ് സെഷനില്‍ സിക്‌സര്‍ മഴയുമായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഇടംകൈയന്‍ പേസറായ ദക്ഷിണാഫ്രിക്കക്കാരന്‍, ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെയാണ് കോലി നെറ്റ്‌സില്‍ നേരിട്ടത്. ഇവരില്‍ അശ്വിനെയും ദക്ഷിണാഫ്രിക്കന്‍ യുവ പേസറെയും കോലി ബൗണ്ടറിക്ക് മുകളിലൂടെ പറത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനായി കഠിന പരിശീലനമാണ് വിരാട് കോലി നടത്തുന്നത്. ന്യൂലന്‍ഡ്സിലെ ഓപ്ഷനല്‍ പരിശീലനത്തില്‍ ഒരു മണിക്കൂറോളം നേരം കോലി ബാറ്റ് ചെയ്തു. 20-15 മിനുറ്റ് നേരം മികച്ച പേസില്‍ ത്രോഡൗണുകള്‍ നേരിട്ടു. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറിയ ഇടംകൈയന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറിനെ നേരിടാന്‍ പഠിക്കാന്‍ പ്രാദേശിക ഇടംകൈയന്‍ പേസറെ ഇറക്കിയായിരുന്നു വിരാട് കോലിയുടെ പരിശീലനം. എന്നാല്‍ ഈ ബൗളര്‍ക്ക് കോലിയുടെ കഴിവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കാഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസ് നിരയെ അതിജീവിക്കുന്നത് പോലെയിരിക്കും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാവി.

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി നേരിട്ടതിനാല്‍ അവസാന കളിയില്‍ തകര്‍പ്പന്‍ ജയത്തോടെ 1-1ന് തുല്യത പിടിക്കുകയാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്. കേപ്ടൗണിലെ ന്യൂലന്‍ഡ്സില്‍ നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങും. സെഞ്ചൂറിയന്‍ വേദിയായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റപ്പോള്‍ കോലി ഒന്നാം ഇന്നിംഗ്സില്‍ 64 പന്തില്‍ 38 ഉം രണ്ടാം ഇന്നിംഗ്സില്‍ 82 പന്തില്‍ 76 ഉം നേടി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 34.1 ഓവറില്‍ വെറും 131 റണ്‍സില്‍ പുറത്തായപ്പോള്‍ കോലിയായിരുന്നു ടോപ് സ്‌കോറര്‍.

Top