കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം.
ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനം മഴയില്‍ നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അമ്പത് ഓവറില്‍ 205 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ നായകന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് വിജയത്തിലേക്കു നയിച്ചത്. പുറത്താകാതെ 115 പന്തില്‍ നിന്ന് 111 റണ്‍സാണ് അദ്ദേഹം നേടിയത്. 12 ഫോറും രണ്ടു സിക്‌സുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയുമാണ് കോഹ്ലി തികച്ചത്.
ഓപ്പണ്‍ ചെയ്ത അജിങ്ക്യ രഹാനെയുടെയും (39) ശിഖര്‍ ധവാന്റെയും (4) വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദിനേഷ് കാര്‍ത്തിക് കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. നേരത്തേ, ഷായി ഹോപ് (51), കെയ്ല്‍ ഹോപ് (46), ജേസണ്‍ ഹോള്‍ഡര്‍ (36), റോവ്‌മെന്‍ പവല്‍ (31) എന്നിവരാണ് വിന്‍ഡീസിനു പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി. കോഹ്ലിയാണ് കളിയിലെ താരം. പരന്പരയിലെ താരമായി അജിങ്ക്യ രഹാനയേയും തെരഞ്ഞെടുത്തു.