ന്യൂഡല്‍ഹി : ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്. വനിതകളില്‍ മൈഥലി രാജും കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചിനു മുംബൈയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മഹേന്ദ്ര സിങ് ധോണി അപ്രതീക്ഷിതമായി രാജിവച്ച ഒഴിവിലാണ് ഇരുപത്തേഴുകാരന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അമരക്കാരനായത്.
22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ പരമ്പര വിജയം നേടിയതുള്‍പ്പെടെ വലിയ നേട്ടങ്ങളിലേക്കു ടീമിനെ നയിച്ചതിന്റെ പേരിലാണു കോഹ്‌ലിക്കു പുരസ്‌കാരം.15 ടെസ്റ്റുകളില്‍നിന്ന് 640 റണ്‍സും നേടി. ഏകദിനത്തിലും മികച്ച ഫോമില്‍ കളിച്ച കോഹ്‌ലി 20 കളിയില്‍നിന്ന് 623 റണ്‍സ് പേരിലാക്കി.
ഏകദിനത്തില്‍ 5000 റണ്‍സ് തികച്ച ആദ്യ ഇന്ത്യക്കാരിയായി മാറിയതിനു പിന്നാലെയാണു മൈഥലിയെ പുരസ്‌കാരം തേടിയെത്തിയത്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എം.എ. ചിദംബരം ട്രോഫിയാണു മൈഥലിക്കു ലഭിക്കുക.
ആജീവനാന്ത മികവിനു മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണിക്കുള്ള സി.കെ. നായിഡു അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.