virat kohli – premier fudsal league

ന്യൂഡല്‍ഹി: ഇന്ത്യയിലെ കാല്‍പ്പന്ത് പ്രേമികള്‍ക്കു കുട്ടി ഫുട്‌ബോളിന്റെ ആവേശം പരിചയപ്പെടുത്താനെത്തുന്ന ഫുട്‌സാല്‍ ലീഗിനു പിന്തുണയുമായി ക്രിക്കറ്റിലെ ഗ്ലാമര്‍ താരം വിരാട് കോഹ്ലിയെത്തുന്നു.

രാജ്യത്ത് ആദ്യമായി നടക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി കോഹ്ലിയെ അവതരിപ്പിച്ചു. പോര്‍ച്ചുഗീസ് ഇതിഹാസ താരം ലൂയിസ് ഫിഗോ പ്രസിഡന്റായ പ്രീമിയര്‍ ഫുട്‌സാല്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് സംഘാടകര്‍. കൊച്ചിയുള്‍പ്പെടെ എട്ടു വേദികളിലായി നടക്കുന്ന ലീഗിനു ജൂലായ് 15ന് തുടക്കമാകും.

ടൂര്‍ണമെന്റിന് അംഗീകാരമില്ലെന്നറിയിച്ച് ഫിഫ, എഐഎഫ്എഫിനു കത്തെഴുതിയതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ടൂര്‍ണമെന്റുമായി സഹകരിക്കരുതെന്നാവശ്യപ്പെട്ട് എഐഎഫ്എഫ് സംസ്ഥാന അസോസിയേഷനുകള്‍ക്കു കത്തെഴുതുകയും ചെയ്തു.

എന്നാല്‍, ലോക ഫുട്‌സാല്‍ സംഘടനയുടെ അനുമതിയുണ്ടെന്നും ഫിഫയുടെ അംഗീകാരം ആവശ്യമില്ലെന്നും സംഘാടകര്‍ വ്യക്തമാക്കിയതോടെ അനിശ്ചിതത്വം നീങ്ങി.

ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക താരമായ കോഹ്ലിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്. ടൂര്‍ണമെന്റ് ജനപ്രിയമാക്കുന്നതിനു കോഹ്ലിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

ഫുട്‌ബോളിനു വേരോട്ടമുള്ള രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഫുട്‌സാലിന് ഇന്ത്യയിലും ആരാധകരേറെയുണ്ട്. എന്നാല്‍, രാജ്യം ആദ്യമായാണ് രാജ്യാന്തര നിലവാരമുള്ള ഫുട്‌സാല്‍ ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്.

ടീമില്‍ അഞ്ചു പേര്‍ അണിനിരക്കുന്ന ഫുട്‌സാലിന്റെ പ്രത്യേകത വേഗവും കൃത്യതയുമാണ്. കൊച്ചിക്കൊപ്പം മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ്, ഗോവ ടീമുകളാണു കളത്തിലിറങ്ങുക. 21 രാജ്യങ്ങളില്‍ നിന്നുള്ള 56 താരങ്ങള്‍ ഇതിനകം കരാറിലൊപ്പിട്ടുകഴിഞ്ഞു.

രാജ്യാന്തര പ്രശസ്തരായ എട്ടു മാര്‍ക്വി താരങ്ങളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിലെ ആഭ്യന്തര താരങ്ങളെ കണ്ടെത്തുന്നതിന് എട്ടു വേദികളിലും ടാലന്റ് ഹണ്ട് നടത്തും. ഇതിന് അടുത്തമാസം 15നു തുടക്കമാകും.

Top