സതാംപ്ടണ്‍: വിരാട് കൊഹ്‌ലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കൊഹ്‌ലി. വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാനില്ലെന്ന് പറഞ്ഞ കൊഹ്‌ലി, എന്തെങ്കിലുമുണ്ടെങ്കില്‍ അത് നേരിട്ട് പറഞ്ഞു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
റബാദ എന്താണ് പറഞ്ഞത്? എനിക്ക് അതിനെക്കുറിച്ച് വ്യക്തതയില്ല. പലവട്ടം റബാദക്ക് എതിരെ കളിച്ചിട്ടുണ്ട്. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ അത് നേരിട്ട് ചര്‍ച്ച ചെയ്തോളാം. റബാദയ്‌ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഉപയോഗിക്കില്ലെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഒരു അഭിമുഖത്തില്‍ ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് റബാദ പറഞ്ഞിരുന്നു. ഇന്ത്യന്‍ നായകന് പക്വതയില്ലെന്നും കൊഹ്‌ലി കളിക്കളത്തില്‍ ആക്രമണകാരിയാണെന്നുമാണ് റബാദ പ്രതികരിച്ചത്.
‘ഞാന്‍ ഗെയിം പ്ലാനിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പക്ഷെ വിരാട് എന്നെ ബൗണ്ടറി അടിച്ചുകൊണ്ട് എനിക്കെതിരെ ചിലത് പറഞ്ഞു. ഞാന്‍ അതിന് മറുപടി കൊടുത്തപ്പോള്‍ എന്നോട് ദേഷ്യപ്പെട്ടു. എനിക്കവനെ മനസിലാകുന്നില്ല’- റബാദ കൂട്ടിച്ചേര്‍ത്തു.
‘ആ പ്രതികരണത്തിന് അവനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചേക്കാം. എന്നാല്‍ അത് പക്വതയില്ലായ്മയായാണ് ഞാന്‍ കാണുന്നത്. അസാധാരണ കളിക്കാരനാണ് കൊഹ്‌ലി. പക്ഷേ ചില വാക്കുകളെ നേരിടാനറിയില്ല’- റബാദ പറഞ്ഞു.