സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോലി; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി

മുംബൈ: ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി വിരാട് കോലി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോലി മാറി. ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തം പേരിലായത്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോലിയുടെ പേരിലായി.

ഏഴു തവണ 50 കടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്. ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്ലി എത്തി. കോഹ്ലിക്ക് മുന്നില്‍ കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി ഉള്ളത്. ന്യൂസിലന്‍ഡിനെതിരെ മികച്ച സ്‌കോറിലേക്കാണ് ടീം ഇന്ത്യ മുന്നേറുന്നത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തുനില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. മികച്ച തുടക്കം നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനം സമര്‍ദമില്ലാതെ കളിക്കാന്‍ ടീമിന് തുണയായി. 29 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടിച്ച് രോഹിത് 47 റണ്‍സടിച്ച് പുറത്താവുകയായിരുന്നു. 38 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 275 എന്ന നിലയിലാണ് ഇന്ത്യ.

Top