ഡല്‍ഹി : ലോര്‍ഡ്‌സില്‍ 1983 ല്‍ കപിലിന്റെ ടീം കിരീടമുയര്‍ത്തിയതു പോലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും കാത്തിരിക്കുകയാണ്, ഒരു പുതുചരിത്രത്തിനായി.
ഇന്ത്യയിലേക്ക് ആദ്യമായി വനിതാ ലോകകപ്പ് കൊണ്ടുവരുന്ന ചരിത്രം സ്വന്തമാക്കാന്‍ മിഥാലിക്കും സംഘത്തിനും ഒരു വിജയദൂരം മാത്രമാണുള്ളത്.
ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. രാജ്യമൊന്നാകെ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ആശംസകളറിയിച്ചു കഴിഞ്ഞു.
ശ്രീലങ്കന്‍ പര്യടനത്തിലുള്ള കൊഹ്‌ലിയും സംഘവും പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെയാണ് വനിതാ ടീമിന് ആശംസ അറിയിച്ചത്. ‘ഗോ ഫോര്‍ ഇറ്റ് ഗേള്‍സ്’ എന്ന രവി ശാസ്ത്രിയുടെ അഭിവാദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
നിങ്ങള്‍ ഇംഗ്ലണ്ടിനെ കീഴടക്കി വരൂ എന്നാണ് കൊഹ്‌ലിയുടെ സന്ദേശം. ബാഡ്മിന്റണ്‍ താരമായ സൈന നേവാളും മിഥാലിക്കും സംഘത്തിനും ആശംസ നേര്‍ന്നിട്ടുണ്ട്.
ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക. ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും തുടര്‍ച്ചയായ വിജയത്തോടെയാണ് ഇന്ത്യ ടൂര്‍ണമെന്റ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.
നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി സെമിയിലെത്തി. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടി ഇന്ത്യക്ക് എതിരാളി ആയെങ്കിലും ആ വെല്ലുവിളി മിഥാലിയും സംഘവും നിസ്സാരമായി മറികടന്നു.