നാല് ഓവര്‍ ബോള്‍ ചെയ്യുന്നത് ആരെയും ക്ഷീണിതരാക്കില്ല; കൊഹ്ലിക്കെതിരെ വിമര്‍ശനവുമായ് ധോണി

മുബൈ: ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടെയുള്ള പേസ് ബോളര്‍മാരെ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന വിരാട് കൊഹ്‌ലിയുടെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ‘ഒരു മല്‍സരത്തില്‍ നാല് ഓവര്‍ ബോള്‍ ചെയ്യുന്നത് ആരെയും ക്ഷീണിതരാക്കില്ല. സത്യത്തില്‍ ഈ നാല് ഓവറുകള്‍ ബോളറുടെ കരുത്ത് വര്‍ധിപ്പിക്കുകയേയുള്ളു എന്നാണ് ധോണി പ്രതികരിച്ചത്.

പേസ് ബോളര്‍മാര്‍ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാല്‍ ശരിയായ വിശ്രമം നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പേസ് ബാറ്ററിയുടെ പ്രധാന കരുത്തുകളായ ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വര്‍ കുമാറിനെയും ഐപിഎല്‍ കളിക്കുന്നതില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു കൊഹ്‌ലിയുടെ ആവശ്യം. ഇംഗ്ലണ്ടിലെ പിച്ചുകള്‍, പേസ് ബോളര്‍മാരുടെ മികവ് എന്നിവ വിലയിരുത്തിയാണു ഈ രണ്ടുപേരുടെ കാര്യത്തില്‍ കൊഹ്ലി പുതിയ നിര്‍ദേശം വച്ചത്.

അതേസമയം, വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെങ്കിലും ബോളര്‍മാരെ പരുക്കില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ധോണി സമ്മതിച്ചു. എന്നാല്‍ കൊഹ്‌ലി മുന്നോട്ടുവച്ച നിര്‍ദേശം രോഹിത് ശര്‍മ അപ്പോള്‍ത്തന്നെ നിരാകരിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുകയും ബുമ്ര കളിക്കാന്‍ ഫിറ്റുമാണെങ്കില്‍ തങ്ങള്‍ ബുമ്രയെ ഫീല്‍ഡിലിറക്കുമെന്ന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ തുറന്നടിച്ചിരുന്നു. ടീം കോച്ച് ശാസ്ത്രിയുടെ പിന്തുണയോടെ കോഹ്‌ലി മുന്നോട്ടുവച്ച നിര്‍ദേശത്തെ ഐപിഎല്‍ ടീമുകള്‍ പിന്താങ്ങിയിരുന്നില്ല. കളിക്കാര്‍ക്കു വിശ്രമം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ബിസിസിഐക്കുമില്ല.

Top