മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് ഇടമുണ്ടായിരുന്നു. ഇപ്പോള്‍ അര്‍ഷ്‌ദീപിന് വലിയ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സഹീര്‍ ഖാനെയും ആശിഷ് നെഹ്‌റയേയും പോലുള്ള മുന്‍ ബൗളര്‍മാര്‍ ചെയ്‌ത കാട്ടിയ മികവാണ് അര്‍ഷ്‌ദീപ് ആവര്‍ത്തിക്കുന്നതെന്ന് വീരു പറഞ്ഞു.
‘പഞ്ചാബ് കിംഗ്‌സിനായി അവസാന മൂന്നിലെ രണ്ട് ഓവറുകളും എറിഞ്ഞത് അര്‍ഷ്‌ദീപാണ് എന്നതാണ് അദേഹം എന്നെ ആകര്‍ഷിക്കാന്‍ കാരണം. അത്രയധികം വിക്കറ്റുകളുണ്ടായിരിക്കില്ല. എന്നാല്‍ അദേഹത്തിന്‍റെ ഇക്കോണമി മികച്ചതാണ്. ന്യൂ ബോളില്‍ ഒരു ഓവറും ഡെത്തില്‍ രണ്ട് ഓവറുകളുമാണ് അര്‍ഷ്‌ദീപ് എറിയുന്നത്. ഞാനൊക്കെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും മാത്രം ചെയ്‌തിരുന്ന കാര്യമാണിത്. ഇപ്പോള്‍ അര്‍ഷ്‌ദീപും ജസ‌്പ്രീത് ബുമ്രയും ഭുവനേശ്വറും ഇങ്ങനെ പന്തെറിയുന്നു. അവസാന ഓവറുകളില്‍ പന്തെറിയുന്നത് വലിയ പ്രയാസമുള്ള ജോലിയാണ്’ എന്നും സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റാണ് അര്‍ഷ്‌ദീപ് സിംഗിന്‍റെ സമ്പാദ്യം. ഡെത്ത് ഓവറുകളില്‍ സ്ഥിരമായി പന്തെറിയുന്ന താരം 7.91 ഇക്കോണമി മാത്രമാണ് വഴങ്ങിയത്. കുറഞ്ഞത് 60 പന്തെങ്കിലുമെറിഞ്ഞ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ ഇക്കോണമിയാണിത്. ജസ്‌പ്രീത് ബുമ്ര(7.66) മാത്രമേ അര്‍ഷ്‌ദീപിന് മുന്നിലുള്ളൂ. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തിയ അപൂര്‍വം അണ്‍ക്യാപ്‌ഡ് താരങ്ങളിലൊരാളാണ് അര്‍ഷ്‌ദീപ്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 8.27 ഇക്കണോമിയില്‍ 18 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. 19 ആയിരുന്നു ബൗളിംഗ് ശരാശരി.