ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബിജെപിയുടെ ക്ഷണം നിരസിച്ച് സെവാഗ്

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണ നിരസിച്ചു. നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സെവാഗിനെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി നല്‍കിയത്.

ഫെബ്രുവരിയില്‍ ഹരിയാനയിലെ റോത്തക്കില്‍ ബിജെപി സ്ഥാനാര്‍ഥിയായി സേവാഗ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലോ താല്‍പര്യമില്ലെന്ന് സേവാഗ് ട്വിറ്റ് ചെയ്തിരുന്നു. ‘അഭ്യൂഹങ്ങള്‍ക്ക് മാറ്റമുണ്ടാകാം, എന്നാല്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. 2014 ലെ പോലെ ഇപ്പോഴും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷെ അന്നത്തെ പോലെ തന്നെ ഇപ്പോഴും ഇക്കാര്യത്തില്‍ താല്‍പര്യമില്ല’. സേവാഗ് കുറിച്ചു.

കഴിഞ്ഞ കൊല്ലം ജൂലൈയില്‍ സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ രാത്തോഡും പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും സേവാഗിനെ സന്ദര്‍ശിച്ചിരുന്നു. ഇത് സേവാഗിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടയാക്കി. എന്നാല്‍ പരസ്യപ്രതികരണത്തിലൂടെ സേവാഗ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ഇപ്പോള്‍.

Top