രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ ബോള്‍ ചെയ്യാന്‍ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിനെതിരെയും വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറയ്ക്കും എതിരെയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍. എന്നാല്‍, സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ ബോള്‍ ചെയ്യുമ്പോള്‍ സേവാഗിനോളം ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ശ്രീലങ്കന്‍ മുത്തയ്യ മുരളീധരന്‍. 800′ എന്ന് പേരിട്ടിരിക്കുന്ന ബിയോപിക് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ‘പിങ്ക് വില്ല’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിനേക്കാള്‍ ഭയപ്പെട്ടിരുന്നത് സേവാഗിനെയാണെന്നും ഏറ്റവും അപകടകാരിയായ ബാറ്റര്‍ സേവാഗ് ആണെന്നുമുള്ള വെളിപ്പെടുത്തല്‍ മുത്തയ്യ മുരളീധരന്‍ നടത്തിയത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളറും മുരളീധരനാണ്. 350 ഏകദിനങ്ങളില്‍ നിന്നായി 534 വിക്കറ്റുകളും 133 ടെസ്റ്റുകളില്‍ നിന്ന് 800 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2010 ലാണ് മുരളീധരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. നിലവില്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ്.
മുരളീധരന്റെ ജീവിത കഥ പറയുന്ന ‘800’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഈ മാസമാദ്യം റിലീസ് ചെയ്തിരുന്നു. മുത്തയ്യയുടെ ബാല്യകാലവും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും അതില്‍ നിന്ന് ലോക ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസമായി മാറിയതെങ്ങനെയെന്നുമാണ് ചിത്രം. ‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുര്‍ മിത്തലാണ് ചിത്രത്തില്‍ മുത്തയ്യയായി വേഷമിടുന്നത്. ‘800’ല്‍ ആദ്യം മുത്തയ്യയാകാന്‍ തീരുമാനിച്ചത് വിജയ് സേതുപതിയെ ആയിരുന്നു. ക്യാരക്ടര്‍ പോസ്റ്റര്‍ അടക്കം പുറത്തിക്കിയിരുന്നു, എന്നാല്‍ ചില വിവാദങ്ങള്‍ ചൂടുപിടിച്ചതോടെ, മുത്തയ്യയുടെ അഭിപ്രായപ്രകാരം വിജയ് സേതുപതി തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക. ശ്രീപതി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങള്‍.