ഡല്‍ഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
അതേസമയം ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ചൈനിയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നേരത്തെ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിരുന്നു.
രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ നേരത്തെ വ്യക്തമാക്കിയത്.
ചൈനയില്‍ അജ്ഞാത വൈറസ് വ്യാപിക്കുന്നതില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വര്‍ഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.