റിയാദ്: സൗദിയില്‍ വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷ ചുമത്താനൊരുങ്ങുന്നു. വിസ കച്ചവടം നടത്തുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അര ലക്ഷം റിയാല്‍ പിഴയായിരിക്കും ചുമത്തുക. ഒരു വിസ വിറ്റാല്‍ത്തന്നെ 50,000 റിയാല്‍ പിഴ ചുമത്തുമെന്നും വീസകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ ഇരട്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പരിഷ്‌കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി. വിസ ലഭിക്കുന്നതിനായി വ്യാജ വിവരങ്ങള്‍ നല്‍കുക, വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ഒരുക്കാതിരിക്കുക, നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാതെ ആശ്രിത വീസയിലുള്ളവരെ ജോലിക്കുവയ്ക്കുക തുടങ്ങിയ നിയമലംഘങ്ങള്‍ക്കു 25,000 റിയാലും, സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചവരുത്തുക, നമസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കാതിരിക്കുക, വിദേശതൊഴിലാളികള്‍ക്ക് യഥാസമയം വര്‍ക്ക് പെര്‍മിറ്റ് എടുക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 20,000 റിയാലുമായിരിക്കും പിഴ ചുമത്തുക.