വിശാഖപട്ടണം: വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി അറിയിച്ചു.
അതേസമയം, ഇവിടെ മരണ സംഖ്യ പത്തായി. 22 പശുക്കളും ഇവിടെ ചത്തു. വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്ച്ച ബാധിച്ചത്. പ്രശ്‌നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് വിശാഖപട്ടണത്ത് ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായത്.
സംഭവത്തില്‍ മരണ സംഖ്യ ആദ്യം മൂന്ന് ആയിരുന്നെങ്കിലും പിന്നീട് അത് പത്തിലേക്ക് എത്തുകയായിരുന്നു.ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്.
അതേസമയം സംഭവത്തില്‍ എല്‍.ജിയുടെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത് സ്റ്റെറിന്‍ വാതകമെന്ന് സ്ഥിരീകരിച്ചു. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം.
വിനയ്‌ലെബന്‍സീന്‍, എത്തിന്‍ലെബന്‍സീന്‍, സിന്നാമെന്‍ എന്നീ പേരുകളിലറിയപ്പെടുന്ന സ്റ്റെറില്‍ പ്രാഥമികമായി ഒരു സിന്തറ്റിക് കെമിക്കലാണ്. നിറമില്ലാതെ ദ്രാവക രൂപത്തില്‍ കാണപ്പെടുന്ന സ്റ്റെറിന്‍ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്ന ഒന്നാണ്. പൊതുവെ രൂക്ഷമായ ഗന്ധമില്ലെങ്കിലും മറ്റ് രാസപദാര്‍ത്ഥങ്ങളോടൊപ്പം ചേര്‍ന്നാല്‍ ഈ അവസ്ഥ കൈവരിച്ചേക്കാം.
റബ്ബര്‍, പ്ലാസ്റ്റിക്, ഇന്‍സുലേഷന്‍, ഫൈബര്‍ഗ്ലാസ്, പൈപ്പ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍,ഭക്ഷണ കണ്ടൈനറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സ്‌റ്റൈറിന്‍ ഉപയോഗിക്കുന്നത്.
സ്റ്റെറിന് മനുഷ്യശരീരത്തിലെത്തിയാല്‍ കണ്ണെരിച്ചലാണ് പ്രാഥമികമായ ലക്ഷണം. കിഡ്‌നി, ശ്വാസകോശം എന്നിവയെ ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമാകും.