ചെന്നൈ: സ്ത്രീ സുരക്ഷയ്ക്കായി ഒരു പുതിയ പാനൽ രൂപീകരിക്കാൻ ഒരുങ്ങി തമിഴ്നാട് നടികർ സംഘം. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസഴ്സ് കൌൺസിൽ പ്രസിഡന്റ്റുമായ വിശാലാണ് ഈ കാര്യം അറിയിച്ചത്.
മീ ടൂ ക്യാമ്പയിൻ ഒരു നല്ല തുടക്കം ആണെന്നും സ്ത്രീകൾ സംസാരിക്കാൻ ആരംഭിച്ചു എന്നും ഞാൻ അവർക്കൊപ്പമാണ് എന്നും വിശാൽ രേഖപ്പെടുത്തി. “സിനിമയിൽ നിന്നും അനുഭവപ്പെടുന്ന ദുരനുഭവങ്ങൾ ഞങ്ങളെ അറിയിക്കണം. സുഹൃത്തായ അമലാ പോളിന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായപ്പോൾ ഞങ്ങൾക്ക് സഹായിക്കാൻ സാധിച്ചിട്ടുണ്ട്,” വിശാൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വിശാൽ ഈ കാര്യങ്ങൾ പങ്ക് വെച്ചത്.
സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പാനലിന്റെ ആദ്യ ഘട്ടം എന്ന നിലയ്ക്ക്, ഒരു മൂന്നംഗ ബോർഡ് രൂപീകരിക്കും. ഗായികയായ ചിന്മയി ഉൾപ്പടെ പലരും ലൈംഗീക ആരോപണങ്ങളുമായി രംഗത്ത് വരുന്ന സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷാ ലക്ഷ്യമിട്ട് നടികർ സംഘം എത്തുന്നത്.