എറണാകുളം: കശ്മീരിലെ കത്വയില്‍ ബലാത്സംഗത്തിനിരയായ എട്ടുവയസ്സുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിഷ്ണു ജാമ്യാപേക്ഷ നല്‍കിയത്.
2018 ഏപ്രില്‍ 12ന് ഫേസ്ബുക്ക് ഗ്രൂപ്പിലെ സന്ദേശത്തിന് താഴെ കമന്റ് എഴുതുകയായിരുന്നു എന്നും ഇത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ഉറപ്പിച്ചുവരികയാണെന്നും ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷ.
ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകനും ബിജെപി മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനുമാണ് വിഷ്ണു.
വിഷ്ണുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജറായിരുന്ന വിഷ്ണുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.