കിട്ടിയത് സര്‍ട്ടിഫിക്കറ്റുകളും ജീവിതവും ; സോഷ്യല്‍ മീഡിയക്ക് നന്ദി പറഞ്ഞ് വിഷ്ണു പ്രസാദ്

കൊച്ചി : മോഷണം പോയ ബാഗിലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാന്‍ കരഞ്ഞപേക്ഷിക്കുന്ന യുവാവിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്നത്.

ഗൂഡല്ലൂർ സ്വദേശി വിഷ്ണു പ്രസാദാണ് മോഷ്ടിച്ച ബാഗിലെ സർട്ടിഫിക്കറ്റുകൾ തന്റെ ജീവിതമാണെന്നും അവ മാത്രം നൽകിയാൽ മതിയെന്നും അപേക്ഷിച്ച് രംഗത്ത് വന്നത്. നമ്മളിൽ പലരും വാര്‍ത്ത പങ്കുവെക്കുകയും ചെയ്തു. അസംഖ്യം ഷെയറുകൾക്കും അന്വേഷണങ്ങൾക്കും ശേഷം ഇപ്പോഴിതാ ആ ബാഗ് തിരികെ ലഭിച്ചിരിക്കുകയാണ്.

തന്റെ കളഞ്ഞുപോയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും തന്നെ തിരിച്ചുകിട്ടിയതായും ജീവിതം തിരികെകിട്ടിയെന്നും വിഷ്ണു പ്രസാദ് പറഞ്ഞു. കള്ളന്‍ കൊണ്ട് പോയ ബാഗ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്നാണ് വിഷ്ണുവിന് തിരികെ ലഭിച്ചത്.

നിരവധി ചലച്ചിത്ര താരങ്ങളും വിഷ്ണുവിന് സഹായവുമായി രംഗത്തുവന്നിരുന്നു. നടൻമാരായ സണ്ണി വെയിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ചത്.

വിഷ്ണുവിന്റെ ബാഗ് ഈ മാസം 10ന് ആണ് റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. ജർമനിയിൽ നിയമനം നേടുന്നത് വരെ ചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിൽ സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരിൽ നിന്ന് തൃശൂരിൽ എത്തിയതായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആറ് വർഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണ് വിദേശത്ത് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Top