കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇതില്‍ ഉണ്ണിക്കണ്ണന്‍ എന്ന കഥാപാത്രമായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ സ്‌ക്രീനിലെത്തുന്നത്.
നവംബര്‍ 23 ന് തൊടുപുഴയില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രമൊരുക്കിയ സൂരജ് ടോമാണ്. നിര്‍മ്മാതാവ് നോബിള്‍ ജോസ് സൂരജ് ടോമുമായി വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്. സാനിയ അയ്യപ്പനാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തുന്നത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലറായാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ഒരുങ്ങുന്നത്. വികൃതി, പാവ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുമായ അജീഷ് പി തോമസാണ് മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കിയത്.
‘പാവ’ സിനിമയിലെ ഏറെ ജനപ്രിയമായ ‘പൊടിമീശ മുളയ്ക്കണ കാലം…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദന്‍ ആദ്യമായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹരി നാരായണനാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിക്കുന്നത്. ചിത്രസംയോജനം കിരണ്‍ ദാസും പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവയുമാണ്. ആരതി ഗോപാലാണ് കോസ്റ്റ്യൂം ഡിസൈന്‍, നജില്‍ അഞ്ചല്‍ മേക്കപ്പും രതീഷ് എസ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സംഘട്ടന രംഗങ്ങള്‍ അഷ്റഫ് ഗുരുക്കളും മഹേഷ് മഹി മഹേശ്വര്‍ സ്റ്റില്‍സും ഒരുക്കുന്നു.