വെടിയേറ്റ് മരിച്ച പിതാവിന്റെ കണ്ണുകളിലെ ‘തീ’ നാളം പകർത്തി അവൻ ഇതാ മലപ്പുറത്തേക്ക്

Vishnu

മലപ്പുറം: നിലമ്പൂര്‍ കാട്ടിലേക്ക് ആയുധംകടത്തി മാവോയിസ്റ്റുകള്‍ ഒരുങ്ങുമ്പോള്‍ ആക്രമണത്തിന്റെ മുനയൊടിക്കാന്‍ ജോലിക്കിടെ വെടിയേറ്റുമരിച്ച പിതാവിന്റെ വഴിയില്‍ കാക്കിയണിഞ്ഞ എസ്.ഐ വിഷ്ണു. കരുളായി ഉള്‍വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വനത്തിലേക്ക് ആയുധംകടത്തുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് കമാന്‍ഡോ പരിശീലനമടക്കം ലഭിച്ച എസ്.ഐ വിഷണു പൂക്കോട്ടുംപാടം എസ്.ഐയായി എത്തുന്നത്.

മലപ്പുറത്ത് മാവോയിസ്റ്റ് അക്രമണസാധ്യതയുള്ളതായി കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയ പൊലീസ് സ്റ്റേഷനാണ് പൂക്കോട്ടുംപാടം.

വിഷ്ണുവിന്റെ പിതാവ് പി.പി വിജയകൃഷ്ണന്‍ 2010 സെപ്തംബര്‍ 12നാണ് കൃത്യനിര്‍വഹണത്തിനിടെ ചോക്കാട് പെടയന്താളില്‍ വെടിയേറ്റു മരിച്ചത്. മലപ്പുറം കുടുംബക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി മുജീബ് റഹ്മാനെ പിടികൂടാനെത്തിയതായിരുന്നു അന്നത്തെ കാളികാവ് ഗ്രേഡ് എസ്.ഐയായിരുന്ന പി.പി വിജയകൃഷ്ണനടക്കമുള്ള പോലീസ സംഘം. മുജീബ് റഹ്മാന്റെ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് വിജയകൃഷ്ണന്‍ മരിച്ചു വീണത്.

രണ്ടുമക്കളെയും ഭാര്യ ഖൈറുന്നീസയെയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ് റഹ്മാന്‍ പോലീസ് പിടികൂടുമെന്നായപ്പോള്‍ ഭാര്യയോടൊപ്പം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. പത്തുവയസുകാരനായ ദില്‍ഷാദും നാലു വയസുകാരി മുഹ്സിനയും അനാഥരായി. ഇവരെ ഏറ്റെടുത്ത കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് സഹപാഠികളുടെ സഹായത്തോടെ കുട്ടികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ ആ വീടിന്റെ താക്കോല്‍ദാനം നടത്തിയത് ഇവരുടെ പിതാവിന്റെ തോക്കിലെ വെടിയേറ്റ് ജീവന്‍വെടിഞ്ഞ വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവായിരുന്നു. വിദ്വേഷത്തെ കാരുണ്യംകൊണ്ട് തോല്‍പ്പിച്ചാണ് അന്ന് വിഷ്ണുമടങ്ങിയത്.

പിതാവിന്റെ വഴിയില്‍ 2013ല്‍ കേരള പോലീസില്‍ എസ്.ഐയായി സേവനം തുടങ്ങിയ വിഷ്ണു. സുസ്ത്യര്‍ഹസേവനത്തിന് 20 ഗുഡ് സര്‍വീസ് എന്‍ട്രിയും സ്വന്തമാക്കിയിട്ടുണ്ട്. വീട്ടുകാരെ ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തി കവര്‍ച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവിനെ അറസ്റ്റു ചെയ്തും കഴിവുതെളിയിച്ചു. ആസിഡ് ബിജു നടത്തിയ 21 കവര്‍ച്ച കേസുകളിലായി 110 പവന്‍ സ്വര്‍ണമാണ് എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടെടുത്തത്. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത എസ്.ഐ എന്ന പേരും ചുരുങ്ങിയ കാലംകൊണ്ടു സമ്പാദിച്ചു. രാഷ്ട്രീയ നേതാക്കളും ശുപാര്‍ശക്കാരും സമീപിക്കാന്‍ മടിക്കുന്ന എസ്.ഐക്ക് മുന്നില്‍ സാധാരണക്കാരുടെ പരാതികള്‍ക്ക് പരിഹാരം ഉറപ്പാണ്.

റിപ്പോര്‍ട്ട് :എം വിനോദ്‌

Top