കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു

ശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണവയും ആഘോഷങ്ങള്‍.

മേടമാസപ്പുലരിയില്‍ ഐശ്വര്യക്കാഴ്ചകളിലേക്ക് കണ്‍തുറന്ന് മലയാളി വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം.

കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. ഇത് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കം. പൂത്തിരിയുടെ വര്‍ണ്ണപ്പൊലിമയും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് മലയാളിക്ക് ഓരോ വിഷുക്കാലവും. പ്രത്യാശയ്ക്കുമേല്‍ കരിനിഴലായി കൊവിഡിന്റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകകളിലേക്ക് ചുരുങ്ങും.

പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും. ആശങ്കകള്‍ ഒഴിഞ്ഞുളള നല്ലൊരു നാളേക്കായുളള കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ഈ വിഷുദിനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ 4 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ കണിക്കൊന്ന, പുതുപ്പണം, അരി, ചക്ക, വെള്ളരിക്ക തുടങ്ങിയവയാണ് കണി വച്ചത്. നാലംബലത്തിന് പുറത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ശബരിമലയില്‍ വിഷുകണി ദര്‍ശനത്തിനായി നട തുറന്നു. പുലച്ചെ 5 മണിക്ക് ശ്രീകോവിലില്‍ ദീപം തെളിച്ച് അയ്യപ്പനെ കണി കാണിച്ചു. 5.30 മുതല്‍ 7 വരെയാണ് ഭക്തര്‍ക്ക് വിഷു കണി ദര്‍ശനത്തിന് അനുമതി. തന്ത്രി കണ്ഠരര് രാജീവരരും, മേല്‍ശാന്തി വികെ ജയരാജ് പോറ്റിയും ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കി.

 

Top