ഗുരുവായൂര്‍: ഗുരുവായൂരില്‍ വിഷുക്കണി കാണാന്‍ ഭക്തര്‍ക്ക് വാതില്‍മാടത്തിന് സമീപം നിന്ന് ദര്‍ശനത്തിന് അനുമതി നല്‍കും. ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ഉണ്ടാവില്ലെന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്താകുറിപ്പിനെതിരെ ഭരണസമിതി അംഗങ്ങള്‍ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.
ബുധനാഴ്ച പുലര്‍ച്ച 2.30 മുതല്‍ 4.30 വരെയാണ് ഭക്തര്‍ക്ക് കണി ദര്‍ശിക്കാന്‍ അവസരം. വിഷുക്കണി ദര്‍ശന സമയത്ത് ചുമതലയുള്ള ജീവനക്കാരൊഴികെ ആര്‍ക്കും നാലമ്പലത്തില്‍ പ്രവേശനമില്ല. വി.ഐ.പികള്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, പാരമ്പര്യ പ്രവൃത്തിക്കാര്‍ എന്നിവരെയൊന്നും പ്രവേശിപ്പിക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിഷുക്കണി ദര്‍ശനത്തിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങളായ മുന്‍ എം.എല്‍.എ കെ. അജിത്, കെ.വി. മോഹനകൃഷ്ണന്‍, കെ.വി. ഷാജി, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത് എന്നിവരാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയത്. തങ്ങളുമായി ആലോചിക്കാതെ വാര്‍ത്താകുറിപ്പ് നല്‍കിയതിനെയും അവര്‍ ചോദ്യം ചെയ്തിരുന്നു.