കത്വ സംഭവത്തില്‍ കെ.പി.രാമനുണ്ണിയുടെ ശയനപ്രദക്ഷിണം, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: കത്വ പീഡന സംഭവത്തില്‍ പ്രതിഷേധിച്ച് ചിറക്കല്‍ കടലായി ക്ഷേത്രത്തില്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദക്ഷിണം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു. വിശ്വാസപൂര്‍വം മാത്രമെ ശയന പ്രദക്ഷിണം നടത്താന്‍ പാടുള്ളുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

ശയന പ്രദക്ഷിണം നടത്താന്‍ പോകുന്ന കാര്യം നേരത്തെ പത്രസമ്മേളനത്തിലൂടെ രാമനുണ്ണി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ സമരരൂപമാണിതെങ്കില്‍ അനുവദിക്കില്ലെന്നായിരുന്നു ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. ഭക്തന്‍ എന്ന രീതിയിലുള്ള പ്രായശ്ചിത്തമാണെന്ന് രാമനുണ്ണി അറിയിച്ചതോടെ അധികൃതര്‍ സമ്മതം നല്‍കുകയായിരുന്നു.

തുടര്‍ന്ന് കുളത്തില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച രാമനുണ്ണി ക്ഷേത്രനടയില്‍ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി കൊടിമരത്തിനു സമീപം എത്തിയപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ചതോടെ ഉന്തുതള്ളുമുണ്ടാകുകയും ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ ഉടന്‍ പൊലീസ് പുറത്തെത്തിച്ചു.

Top