കൊച്ചി: ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികള്‍ക്കും പ്രത്യക്ഷ സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു. മതത്തിന്റെ പേരു പറഞ്ഞ് ഭരണഘടനയ്ക്കും മുകളില്‍ സ്വാതന്ത്ര്യം നേടാന്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കാന്‍ ഗൂഢാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താന്‍ കോളജ് കുട്ടികളെ സഹായിക്കുന്ന തീവ്രവാദ ശക്തികള്‍ ഇത്തരം രാഷ്ട്ര വിരുദ്ധ നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു.
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സര്‍ക്കാരിന് ഉറച്ച നിലപാട് തുടരാം.
ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു.
പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.