പശുവിനെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ മൂര്‍ച്ചയേറിയ വാളുകള്‍ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാവ്

ഉഡുപ്പി: പശുവിനെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും എപ്പോഴും മൂര്‍ച്ചയേറിയ ഒരുവാള്‍ നിര്‍ബന്ധമായും കൂടെ കരുതണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി സരസ്വതി.കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ കാര്‍ക്കള ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ലോകത്താകമാനം ഗോമാതാവിനെ ബഹുമാനിക്കുന്നു, എന്നാല്‍ കര്‍ണാടകയില്‍ പശുവിനെ കൊല്ലുന്നത് ഇറച്ചിക്ക് വേണ്ടിയാണ്. ഇത്തരം കശാപ്പുകാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല. ആയുധം കാണിച്ച് ഹിന്ദുക്കളുടെ ഗോശാലകളില്‍ നിന്ന് പശുക്കളെ മോഷ്ടിക്കുന്നു. അതിനാല്‍ ഗോമാതാവിനെ രക്ഷിക്കാന്‍ നാമെല്ലാം വാളുകള്‍ കരുതണം. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ കഴിയുമ്പോള്‍, അവര്‍ക്ക് തീര്‍ച്ചയായും വാളുകള്‍ വാങ്ങി വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയും’ സാധ്വി സരസ്വതി പറഞ്ഞു.

‘കര്‍ണാടിയിലുള്ള ചില ദേശവിരുദ്ധര്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരെ പ്രതിഷേധിക്കണം. ഗോഹത്യ, മതപരിവര്‍ത്തനം, ലൗ ജിഹാദ് എന്നിവയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണം. എല്ലാ ആത്മാവും ദൈവത്തിന്റെ മക്കളാണെന്നും ഓരോ ജീവനും ദൈവികമാണെന്നും ഭഗവദ് ഗീത പറയുന്നു. ഭാരതം നമ്മുടെ നാടാണ്. ലൗ ജിഹാദിനെതിരെ പോരാടുകയും ഗോഹത്യ അവസാനിപ്പിക്കുകയും വേണം’ സാധ്വി സരസ്വതി കൂട്ടിച്ചേര്‍ത്തു.

Top