ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളും പ്രമേയമാക്കിയ ഉലകനായകന് കമല്ഹാസന് ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി, എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം സെന്‍സറിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റില്‍ സ്വാതന്ത്രദിനത്തോട് ചേര്‍ന്ന് റിലീസ് നടത്താനാണ് നീക്കം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.
അതേസമയം വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന് നിര്‍വഹിക്കുമെന്ന് അറിയിച്ചു. വരുന്ന പതിനൊന്നാം തീയതിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്.
‘വിശ്വരൂപം 2ന്റെ ട്രെയിലറുമായി ഞങ്ങള്‍ എത്തുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇതിനുവേണ്ടി ഇത്രയും കാത്തിരുന്ന നിങ്ങളുടെയൊക്കെ ക്ഷമയ്ക്ക് നന്ദി പറയുന്നു. എന്റേയും ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ചിത്രമാണിത്. ആസ്കര്‍ ഫിലിംസിനോടും വി രാമചന്ദ്രനോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. ജനങ്ങള്‍ക്ക് സിനിമയിലുള്ള വിശ്വാസമാണ് ഞങ്ങളെ ശക്തരാക്കുന്നത്. ഒരുപാട് സ്നേഹത്തോടെ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തെ എല്ലാവരും സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു’. കമല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.