സംശയം തോന്നിയാല്‍ ആശുപത്രിയില്‍ പോകണോ, സ്വയം ഐസൊലേറ്റ് ചെയ്യണോ?

കൊറോണാവൈറസ് കേസുകള്‍ ആഗോള തലത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ നിരവധി സംശയങ്ങളാണ് ഇതുസംബന്ധിച്ച് ഉയരുന്നത്. പ്രത്യേകിച്ച് കൊറോണാ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ഇതില്‍ പ്രധാനം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ വ്യക്തികളും കൊറോണാവൈറസിന് സ്‌ക്രീനിംഗ് ചെയ്യേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് രാജ്യത്തിനകത്ത് സമൂഹങ്ങളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നിട്ടില്ല.

പ്രധാന കാര്യങ്ങള്‍:

കൊറോണാവൈറസ് പടര്‍ന്ന ചൈന, ഇറ്റലി, ഇറാന്‍, ജപ്പാന്‍ പോലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ, വൈറസിന് പോസിറ്റീവായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവരാണ് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്ത് സ്‌ക്രീനിംഗിന് വിധേയമായി വൈറസ് കൂടുതല്‍ പടരുന്നത് ഒഴിവാക്കണം.

പനിക്കാലമായതിനാല്‍ പലര്‍ക്കും വൈറല്‍ പനിയും, ചുമയും, ജലദോഷവും പിടിപെടാം. അസുഖം തോന്നുന്നവര്‍ വീടുകളില്‍ തുടരണം, ലക്ഷണങ്ങള്‍ ഭേദമാകാന്‍ കാത്തിരിക്കണം, വിദഗ്ധര്‍ പറയുന്നു.

ആരെല്ലാം പരിശോധിക്കണം, ആര്‍ക്ക് പരിശോധന വേണ്ട:

എല്ലാ വ്യക്തികളും വൈറസ് പരിശോധനയ്ക്ക് വിധേയമാകേണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് 19 പരിശോധനാ പദ്ധതി പറയുന്നത്. രോഗബാധിത രാജ്യങ്ങളിലേക്ക് പോയവരിലും, ഇവരില്‍ പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നവരിലുമാണ് പ്രാഥമികമായി രോഗം കാണുന്നത്. ഇവര്‍ 14 ദിവസം സ്വയം ക്വാറന്റൈന്‍ ചെയ്യുകയും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തുകയും വേണമെന്ന് മന്ത്രാലയം പറയുന്നു.

രോഗലക്ഷണം കണ്ടാല്‍ ആശുപത്രിയിലേക്കോ?

രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുന്നതാണ് അഭികാമ്യം. തിരക്കേറിയ ആശുപത്രിയില്‍ ക്യൂ നിന്ന് മറ്റുള്ളവര്‍ക്കും ഇന്‍ഫെക്ഷന്‍ പകരാന്‍ ഇടയാക്കരുത്. അല്ലെങ്കില്‍ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലാണ് പോകേണ്ടത്.

വിദേശയാത്ര ചെയ്യാത്ത, ഇവരുമായി സമ്പര്‍ക്കത്തില്‍ വരാത്തവര്‍ക്ക് പനിയും, ചുമയും വന്നാല്‍ ഇവര്‍ വീടുകളില്‍ തുടര്‍ന്ന് ലക്ഷണങ്ങള്‍ നിരീക്ഷാനാണ് ആരോഗ്യ മന്ത്രാലയം ഉപദേശിക്കുന്നത്. അവസ്ഥ ഭേദമായില്ലെങ്കില്‍ കൊവിഡ് 19 ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം.

വ്യക്തിശുചിത്വം പാലിക്കുന്നതിന് പുറമെ കൈകള്‍ കൃത്യമായി കഴുകാനും, മുഖവും, മൂക്കും മറച്ച് തുമ്മുകയും, ചുമക്കുകയും ചെയ്യാനും ശ്രദ്ധിക്കണം. ഇത്തരം വ്യക്തികളില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം.

Top