ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 1000 പേര്‍ക്ക് ദര്‍ശനം നല്‍കുമെന്ന് ഭരണ സമിതി യോഗം തീരുമാനിച്ചു. പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് സ്വീകരിക്കാനും തീരുമാനമായി.
ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ച് വെര്‍ച്വല്‍ ക്യൂ വഴി സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം 1000 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ദര്‍ശനം അനുവദിക്കുക.
നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദര്‍ശനം നടത്തിയ ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണം വെച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതില്‍ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരിക്കുക. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ വാഹനപൂജയും അനുവദിക്കും.