തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനം.
കടലാക്രമണത്തെത്തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഏഴു ദിവസം സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.