visitors regulation eravikulam national park from february

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി മുതല്‍ രണ്ട് മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്. വരയാടുകളുടെ പ്രജനനകാലമായതിനാലാണ് ഏപ്രില്‍ ഒന്നുവരെ ദേശീയോദ്യാനം അടച്ചിടുന്നത്.

വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വരയാടുകളുടെ പ്രസവകാലം.

പശ്ചിമഘട്ട മലനിരകളില്‍ കാണപ്പെടുന്ന വരയാടുകളുടെ പ്രധാന സങ്കേതങ്ങളില്‍ ഒന്നാണ് മൂന്നാറിലെ രാജമല. ലോകത്തിലെ മൊത്തം വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാണുള്ളത്.

രാജമലയിലെ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളുമാണ് വരയാടുകള്‍ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയതായി നൂറ് വരയാടിന്‍ കുട്ടികള്‍ പിറന്നുവെന്നാണ് കണക്ക്.

വരയാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 1975ലാണ് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 90 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ദേശീയദ്യാനത്തിന്റെ ഒരു ഭാഗമായ രാജമലയിലേക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ ഉദ്യാനം തുറക്കുന്നതിനോടൊപ്പം വരയാടുകളുടെ കണക്കെടുപ്പും തുടങ്ങും.

Top