കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയും ഭർത്താവ് കിരണും തമ്മിൽ തിങ്കളാഴ്ച്ച പുലർച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കൾ. വിസ്മയയുടെ മൊബൈൽ ഫോൺ അവർക്ക് നൽകാൻ കിരൺ വിസമ്മതിച്ചു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് കിരണിന്റെ മാതാപിതാക്കൾ സമാധാനിപ്പിച്ചുവെന്നും അവർ പറയുന്നു.
പ്രശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളിൽ ചെന്നപ്പോൾ വിസ്മയയെ നിലത്തു കിടത്തി കിരൺ പ്രാഥമിക ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. 3.45 ഓടെ ആശുപത്രിയിൽ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ഇതിന് സമാനമായ രീതിയിലുള്ള മൊഴിയാണ് കിരണും പൊലീസിന് നൽകിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നാണ് കിരണിന്റെ മൊഴി. മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.
കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.