വിസ്മയയുടെ മരണം; ഒത്തുതീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കുമെന്ന് ഐജി

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അത്തല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും കൊലപാതകമാണോ എന്നതല്ല പ്രധാനമെന്നും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതാണ് ഇവിടെ പ്രധാനമെന്നും ഐ.ജി. പറഞ്ഞു.

ഇത് ഗൗരവമേറിയതും തെളിവുകളേറെയുമുള്ള കേസാണ്. ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിനുശേഷം കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും ഐ.ജി. പറഞ്ഞു. ജനുവരിയില്‍ ചടയമംഗലം പൊലീസ് ഒത്തുതീര്‍പ്പാക്കിയ കിരണിനെതിരേയുള്ള കേസ് പുനരന്വേഷിക്കുമെന്നും ഐ.ജി. ഉറപ്പുനല്‍കി.

വിസ്മയ്ക്ക് കിരണില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെല്ലാം കുടുംബം ഐ.ജിയുടെ മുന്നില്‍ വിശദീകരിച്ചിരുന്നു. നേരത്തെ ചടയമംഗലം പൊലീസ് ഒത്തുതീര്‍പ്പാക്കിയ ആക്രമണ കേസ് പുനരന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേസില്‍ കിരണിന്റെ സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും പ്രതിചേര്‍ക്കണമെന്നും വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Top