കൊല്ലം: വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കിരണ്‍ തന്നെ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.
പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങള്‍ പുറത്തായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.