ലക്‌നൗ: മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് 153 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ഇന്ധനക്കുറവ് മൂലം അടിയന്തരമായി ലക്‌നൗവില്‍ ഇറക്കി. അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം അവശേഷിക്കെയാണ് വിമാനം അടിയന്തരമായി ലക്‌നൗവില്‍ ഇറക്കിയത്. സംഭവത്തില്‍ പൈലറ്റിനെതിരെ നടപടിയെടുക്കുമെന്ന് വിസ്താര അധികൃതര്‍ അറിയിച്ചു.
സാധാരണ യാത്രാ വിമാനങ്ങളില്‍ ഒരു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം റിസര്‍വായി സൂക്ഷിക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇത് റിസര്‍വായി സൂക്ഷിക്കാറുള്ളത്. എന്നാല്‍, റിസര്‍വ് ഇന്ധനത്തിന്റെ അളവ് കുറഞ്ഞത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് വിമാനം അടിയന്തരമായി ഇറക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.
ഭാഗ്യം കൊണ്ടാണ് വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ലാന്‍ഡ് ചെയ്യുമ്പോള്‍ വെറും അഞ്ച് മിനിറ്റ് മാത്രം പറക്കാനുള്ള 200 കിലോ ഗ്രാം ഇന്ധനമാണ് വിമാനത്തില്‍ ശേഷിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കാനായില്ല.തുടര്‍ന്ന് ലഖ്നൗവിലേക്ക് തിരിച്ചു വിട്ടു.എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലഖ്നൗവിലും വിമാനം ഇറക്കാന്‍ സാധിച്ചില്ല.ലക്‌നൗവിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അലഹബാദിലേക്ക് പുറപ്പെട്ടു. ആ സമയത്ത് ലഖ്നൗ എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കില്‍നിന്ന് കാലാവസ്ഥ അനുകൂലമായെ പൈലറ്റുമാര്‍ക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് വിമാനം ലഖ്നൗവിലേക്ക് തിരിക്കുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തു.
മുംബൈയില്‍നിന്ന് പുറപ്പെടുമ്പോള്‍ 8500 കിലോ ഗ്രാം ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ മോശമാണെന്നറിഞ്ഞിട്ടും ഒരുമണിക്കൂറോളം ഡല്‍ഹി വിമാനത്താവളത്തിന് മുകളില്‍ പറന്നതാണ് ഇന്ധനം തീരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു.