കുപ്പിവെള്ളം കുടിച്ചാല്‍ ശരീരത്തിന് വൈറ്റമിന്‍ ഡി ലഭിക്കും ; ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ വിപണിയില്‍

vitamin D Water

അബുദാബി: വൈറ്റമിന്‍ ഡി ഇല്ലാത്തതിനാല്‍ പലര്‍ക്കും പലരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബൈ. ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം ദുബൈ വിപണിയില്‍ എത്തിച്ചിരിക്കുന്നു.

അബുദാബിയിലെ അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത്. ഓറഞ്ച് നിറത്തിലുള്ള ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ ബോട്ടിലെ വെള്ളം ബുധനാഴ്ച മുതലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചു തുടങ്ങിയത്.

ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ മൊഹമ്മദ് ഫറജ് അല്‍ മസ്‌റോയുടെ സാന്നിദ്ധ്യത്തിലാണ് വെള്ളത്തിന്റെ വിതരണം നടന്നത്. 500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിന്‌ രണ്ടു ദിര്‍ഹമാണ് വില. അഗതിയ ഗ്രൂപ്പാണ് വൈറ്റമിന്‍ ഡി വെള്ളം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരുതരത്തിലുമുള്ള പ്രിസര്‍വേറ്റീവുകളും വെള്ളത്തില്‍ ഉപയോഗിക്കുന്നില്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറു ശതമാനം ഉറപ്പോടെ വെള്ളം കുടിക്കാമെന്നും നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നു. വൈറ്റമിന്‍ ഡിയുടെ അപര്യാപ്ത നേരിടുന്നവര്‍ക്ക് വെള്ളം കൂടുതല്‍ സഹായകമാകുമെന്നാണ് വിവരം.

ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍ ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. ചര്‍മ്മ സംബന്ധമായ എല്ലാം അസുഖങ്ങള്‍ക്കും വെള്ളം ഫലപ്രദമാണ്.

അസ്ഥിക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വിവിധ തരം ക്യാന്‍സറുകള്‍, മള്‍ട്ടിപ്പള്‍ സ്ലിറോസിസ്, കൂടാതെ ക്ഷയം പോലെയുള്ള സാംക്രമിക രോഗങ്ങള്‍ എന്നിവ ചെറുക്കാന്‍ വൈറ്റമിന്‍ ഡി വെള്ളം വളരെ ഉപയോഗപ്രദമാണെന്നാണ് കമ്പനി ഉടമകളുടെ വാദം.

Top