അടിമുടി മാറ്റവുമായി വിറ്റാര ബ്രെസ

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ പുതിയ മാനങ്ങൾ തീർത്ത മോഡലാണ് മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. പരമ്പരാഗത സെഡാനുകളേക്കാൾ കൂടുതൽ ഉപഭോക്താക്കൾ എസ്‌യുവികളും ക്രോസ് ഓവറുകളും സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നതിനാൽ സമീപ വർഷങ്ങളിൽ ഇത് വളരെയധികം ശ്രദ്ധയാകർഷിക്കുകയും ചെയ്‌തു. അര പതിറ്റാണ്ടിലേറെയായി വിപണിയിലെ സാന്നിധ്യവുമാണ് വിറ്റാര ബ്രെസ. ഡിസൈൻ അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിക്കൊണ്ട് 2020 ഓട്ടോ എക്‌സ്‌പോയിൽ മിഡ് ലൈഫ് പരിഷ്ക്കരണവും വാഹനത്തിന് അടുത്തിടെ ലഭിച്ചിരുന്നു.

2020 ഏപ്രിലിൽ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങളുടെ വരവോടെ ബ്രെസയിലെ 1.3 ലിറ്റർ DDiS 200 ഡീസൽ നിർത്തലാക്കുകയും ചെയ്‌തു. തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ 1.5 ലിറ്റർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും എസ്‌യുവിക്ക് സമ്മാനിച്ചു.

എന്നാൽ വരും വർഷം വിപുലമായ അപ്‌ഡേറ്റുകൾക്കൊപ്പം മാരുതി സുസുക്കി രണ്ടാം തലമുറ വിറ്റാര ബ്രെസ അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആധുനിക എതിരാളികൾക്ക് മുന്നിൽ അൽപം വിയർക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേക സ്ഥാനം മോഡലിന് ഇപ്പോഴുമുണ്ട്. വരാനിരിക്കുന്ന അഞ്ച് സീറ്റർ മോഡലിന്റെ ചില വിശദാംശങ്ങൾ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ‌ അടുത്ത തലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇൻ-കാർ കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യകളും മാരുതി ഉൾപ്പെടുത്തും.

Top